അബുദാബി: പുതുവര്‍ഷപ്പിറവി പ്രമാണിച്ച് യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ  സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി നാസര്‍ അല്‍ ഹംലിയാണ് അറിയിച്ചത്. പൊതുമേഖലയ്ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് പുറമെ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ആശംസകള്‍ നേര്‍ന്നു.

പുതുവര്‍ഷരാംഭത്തിന് രാജ്യത്തെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് (എഫ് എ എച്ച് ആര്‍) ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിന് പിന്നാലെയാണ് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചത്.