റിയാദ്: ഗൾഫ് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്താൻ പരിശ്രമിക്കുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിലിന്‍റെ (ജിസിസി) നിയുക്ത സെക്രട്ടറി ജനറൽ. തിങ്കളാഴ്ച റിയാദിലെ കൊട്ടാരത്തിൽ രാജാവിനെ സന്ദർശിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അടുത്തിടെ സെക്രട്ടറി ജനറലായി നിയമിതനായ നായിഫ് അൽഹജ്റഫ്.

സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങൾക്കുമിടയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിൽ രാജാവ് വഹിക്കുന്ന പങ്ക് നിർണായകവും നിസ്തുലവുമാണെന്ന് അദ്ദേഹം പറഞ്ഞു. അറേബ്യൻ ഗൾഫ് മേഖലയിലെ വിവിധ വിഷയങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നായിഫ് അൽഹജ്റഫിനെ പുതിയ സ്ഥാനലബ്ധിയിൽ സൽമാൻ രാജാവ് അനുമോദിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ 10ന് റിയാദിൽ 40-ാമത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി നടന്ന മന്ത്രിതല യോഗമാണ് കുവൈത്തുകാരനായ നായിഫ് അൽഹജ്റഫിനെ പുതിയ സെക്രട്ടറി ജനറലായി നിയമിച്ചത്. എന്നാൽ നിലവിൽ ഈ പദവിയിൽ തുടരുന്ന ബഹ്റൈന്‍റെ അബ്‍ദുൽ ലത്തീഫ് ബിൻ റാഷിദ് അൽസിയാനിയുടെ കാലാവധി അവസാനിക്കുന്ന  ഏപ്രിൽ മുതലേ നായിഫ് അൽഹജ്റഫിന്‍റെ ഔദ്യോഗിക കാലാവധി ആരംഭിക്കൂ.

കൂടിക്കാഴ്ചയിൽ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്‍ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ്, വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, രാജാവിന്‍റെ സെക്രട്ടറി തമീം ബിൻ അബ്‍ദുല്‍ അസീസ് അൽസാലെം എന്നിവരും പങ്കെടുത്തു.