റിയാദ്: സൗദിയിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള അടുത്ത വിമാനം ഞായറാഴ്ച റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയീദ് പറ‌ഞ്ഞു. മെയ് 12 ന് ദമാമിൽ നിന്ന് കൊച്ചിയിലേക്കും സർവീസ് ഉണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ആദ്യ സംഘം റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് പോയതിനു ശേഷമാണ് അടുത്ത വിമാനം ഞായറാഴ്ച റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയീദ് അറിയിച്ചു. 

എംബസി ഉദ്യോഗസ്ഥരടക്കം എത്തിയാണ് നാലു കുട്ടികൾ അടക്കമുള്ള 152 യാത്രക്കാരെ ഇന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കിയത്. ഉംറ വിസയിലെത്തിയ ഏഴു കർണാടക സ്വദേശികളും ആദ്യ സംഘത്തിലുണ്ടായിരുന്നു.

വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്‌ക്രീനിംഗ്‌ ടെസ്റ്റ് മാത്രമാണ് നടത്തിയത്. മെയ് 12 നാണ് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ്. ജിദ്ദയിൽ നിന്ന് അടുത്താഴ്ച രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.