അബുദാബി: ചെറിയപെരുന്നാളിന് യുഎഇയിലെ പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വാരന്ത്യത്തിലെ രണ്ട് അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും.

ഞായറാഴ്ച വൈകുന്നേരം യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രഖ്യാപനമുണ്ടായത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരം യുഎഇ ക്യാബിനറ്റ്, പൊതുമേഖലയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ച ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ട്വീറ്റ്. അവധിക്ക് ശേഷം ജൂണ്‍ ഒന്‍പതിന് സ്ഥാപനങ്ങള്‍ തുറന്നുുപ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ ഏഴ് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മേയ് 31 വെള്ളിയാഴ്ചയിലെയും ജൂണ്‍ 1 ശനിയാഴ്ചയിലെയും അവധി ദിനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസമായിരിക്കും അവധി ലഭിക്കുക.