മസ്കറ്റ്: ഒമാനില്‍ സ്ഥിര താമസക്കാരനായ ഒരു വിദേശിക്കുൾപ്പെടെ ഒൻപതു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ നാല്‍പത്തിയെട്ടുപേർക്ക് കൊവിഡ് പിടിപെട്ടു കഴിഞ്ഞു.

മലയാളിയായ കണ്ണൂർ സ്വദേശിയാണ് കൊറോണ വൈറസ് ബാധ മൂലം സലാലയിൽ ചികിത്സയിലുള്ളതെന്ന് ഇന്ത്യൻ എംബസി കൗൺസിലർ വ്യക്തമാക്കി. മാർച്ച് പതിമൂന്നിന് നാട്ടിൽ നിന്നുമെത്തിയ നൗഷാദ് ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണെന്നും കൗൺസിലർ മൻപ്രീത് സിംഗ് പറഞ്ഞു.

ബ്രിട്ടൻ, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത അഞ്ചുപേരും വൈറസ് ബാധിച്ചവരുടെ പട്ടികയിലുണ്ട്. പതിമൂന്നുപേർ ഇത്‌ വരെ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് ഒമാൻ വാർത്ത വിതരണ വകുപ്പ് മന്ത്രാലയം അറിയിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക