കുവൈറ്റ് സിറ്റി: കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ നിയമനടപടികളോ ഒഴിവാക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി.

ജനുവരി 29 മുതല്‍ ഫെബ്രുവരി 24 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിച്ചത്. അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് ഇഖാമ നിയമവിധേയമാക്കുകയോ അല്ലെങ്കില്‍ പിഴയടയ്ക്കാതെ രാജ്യം വിടാനോ അവസരമുണ്ടെന്നും കാണിച്ചായിരുന്നു വാട്സ്ആപ് വഴിയുള്ള വ്യാജസന്ദേശം. എന്നാല്‍ 2018 ജനുവരി 28 മുതല്‍ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് സംബന്ധിച്ച പഴയ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട ആരോ പടച്ചുവിട്ട സന്ദേശമാകാം ഇതെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തിലുള്ള എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകുമ്പോള്‍ ആഭ്യന്തര മന്ത്രാലയം നേരിട്ട് തന്നെ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് രണ്ട് മാസം കൂട്ടി നീട്ടിയശേഷം ഏപ്രിലിലാണ് സമാപിച്ചത്.