ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 30,000 പേരെ ഒഴിവാക്കുന്നുവെന്ന തരത്തില്‍ ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അത്തരത്തിലുള്ള ഏന്തെങ്കിലും തീരുമാനമുണ്ടെങ്കില്‍ ഔദ്യോഗികമായിത്തന്നെ അറിയിക്കുമെന്നും എമിറേറ്റ്സ് വക്താവിനെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. മറ്റേതൊരു വ്യവസായ സംരംഭത്തിലും നടക്കുന്നത് പോലെ, ചെലവുകളും ബിസിനസ് ലക്ഷ്യങ്ങളും അവലോകനം നടത്താന്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളോടും തങ്ങളുടെ എക്സിക്യൂട്ടീവ് ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ പടിപടിയായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കമ്പനി അറിയിച്ചു. തങ്ങളുടെ ചെയര്‍മാന്‍ അറിയിച്ചത് പോലെ പണം സൂക്ഷിക്കുക, ബിസിനസ് സംരക്ഷിക്കുക, വിദഗ്ധ തൊഴിലാളികളെ കഴിയുന്നതെ സംരക്ഷിക്കുക, എന്നിവയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.