വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികളാണ് വരാണസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഏകപക്ഷീയമായൊരു പരിപാടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചതെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

വരാണസി: പ്രവാസി ഭാരതീയ ദിവസ് ചര്‍ച്ചയില്‍ ചോദ്യം ചോദിക്കാന്‍ അനുവദിച്ചില്ലെന്ന് മലയാളി പ്രവാസികള്‍ക്ക് പരാതി. പ്രവാസി പ്രശ്നങ്ങള്‍ ഉന്നയിക്കാനോ ചര്‍ച്ച നടത്താനോ സമ്മേളനത്തില്‍ അവസരം നല്‍കാത്തതില്‍ പ്രതിനിധികള്‍ കേന്ദ്ര മന്ത്രി വി.കെ സിങിനെ പ്രതിഷേധം അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി മലയാളികളാണ് വരാണസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഏകപക്ഷീയമായൊരു പരിപാടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചതെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും അവര്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളും ചര്‍ച്ച ചെയ്യേണ്ടിയിരുന്ന വേദിയില്‍ അതിന് പകരം മേക് ഇന്ത്യയ്ക്ക് വേണ്ടി പ്രവാസികളെ വിളിച്ചുവരുത്തിയത് പോലെയായിരുന്നു സമീപനം. പ്രവാസികള്‍ക്കായി ഒരു സെഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുതന്നെ സമയക്കുറവ് ചൂണ്ടിക്കാട്ടി വെട്ടിച്ചുരുക്കിയതോടെ മലയാളികളായ പ്രവാസികള്‍ കേന്ദ്ര മന്ത്രി വി.കെ സിങിനോട് പ്രതിഷേധം അറിയിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസിനെ കണ്ടതെന്ന് പ്രതിനിധികള്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിനുള്ള യുഎഇ സഹായം നിഷേധിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമെന്ന് നേരത്തെ പ്രവാസികള്‍ അറിയിച്ചിരുന്നെങ്കിലും അതിന് അവസരം നല്‍കിയില്ല. ഫലത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും സമ്മേളനത്തിലുണ്ടായില്ലെന്നും ബിജെപിയുടെ സമ്മേളനം പോലെ മാത്രമാണ് അനുഭവപ്പെട്ടതെന്നും മലയാളി പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വീഡിയോ...
"