ദുബായ്: യുഎഇയിലെ ചില ഫാര്‍മസികളില്‍ മരുന്നുകള്‍ക്ക് ലഭ്യമായിരുന്ന വിലക്കിഴിവ് ഇനിയില്ല. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി. നിയമലംഘനങ്ങള്‍ നടത്തുന്നുണ്ടോയെന്നറിയാന്‍ പരിശോധനകള്‍ നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മരുന്നുകള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെ വിലക്കിഴിവ് നേരത്തെ ലഭ്യമായിരുന്നു.

ആരോഗ്യ മന്ത്രാലയം വില നിശ്ചയിക്കുന്ന മരുന്നുകള്‍ക്കായിരിക്കും നിയന്ത്രണം ബാധകമാവുകയെന്ന് ഫാര്‍മസി രംഗത്തുള്ളവര്‍ വ്യക്തമാക്കി. വിലക്കിഴവ് നല്‍കരുതെന്ന നിയമം നേരത്തേയുണ്ടായിരുന്നെങ്കിലും കര്‍ശനമായ നിരീക്ഷണം ഇക്കാര്യത്തില്‍ ഇല്ലാതിരുന്നതിനാല്‍ വിവിധ സ്ഥാപനങ്ങള്‍ വില കുറച്ച് മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് അവസാനിപ്പിക്കാനും ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന വിലയില്‍ തന്നെ മരുന്നുകള്‍ നല്‍കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം വിപണിയിലെ സാഹചര്യം പരിഗണിച്ച് വില കുറയ്ക്കാനുള്ള അനുമതി തേടി അധികൃതരെ സമീപിക്കാനാണ് ചില ഫാര്‍മസികളുടെ തീരുമാനം. 

മരുന്നുകള്‍ പോലെയുള്ള വളരെ പ്രാധാന്യമുള്ള ഒരു വിപണിയില്‍ വില്‍പന വര്‍ദ്ധിപ്പിക്കാനായി നടക്കുന്ന മത്സരം നിയന്ത്രിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഗുരുതരമായ രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്നതും അല്ലാതെ ഫാര്‍മസികള്‍ വഴി നേരിട്ട് നല്‍കുന്നതുമായ മരുന്നുകളുടെ വിലകള്‍ കാലാകാലങ്ങളില്‍ ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അതേസമയം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള വിവിധ മരുന്നുകളുടെ വിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.