Asianet News MalayalamAsianet News Malayalam

'നാസിലിന് ഒരു ലക്ഷം ദിര്‍ഹം കൊടുക്കാമെന്ന് പറഞ്ഞത് ദാനമായി കണ്ടാല്‍ മതി': തുഷാര്‍ വെള്ളാപ്പള്ളി

"നാസില്‍ ഹാജരാക്കിയ ചെക്കിന് രണ്ട് പേര്‍ ഒപ്പിട്ടാലേ സാധുതയുള്ളൂ. ഇക്കാര്യം ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ യാത്രയിലായിരിക്കുമെന്നതിനാല്‍ ഒപ്പിട്ടുവെച്ചിരുന്നതാണ്. മറ്റൊരാള്‍ കൂടി ഒപ്പിട്ടാലേ അതിന് സാധുതയുണ്ടാവുകയുള്ളൂ. എന്നിരുന്നാലും കേസ് കോടതിയിലെത്തിയപ്പോള്‍ താന്‍ ഒത്തുതീര്‍പ്പിന് സന്നദ്ധനായി. ഒത്തുതീര്‍പ്പിന് 30 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ ഒരു പൈസയും നല്‍കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്" - തുഷാര്‍ പറഞ്ഞു

no out of court settlement in cheque case thushar vellappally press meet
Author
Dubai - United Arab Emirates, First Published Sep 2, 2019, 8:01 PM IST

ദുബായ്: നാസില്‍ അബ്ദുല്ലയുടെ ശബ്ദരേഖ പുറത്തുവന്നതോടെ തന്നെ ചെക്ക് കേസില്‍ ബോധപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നാസില്‍ പറഞ്ഞകാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. നാസിലിന് ചെക്ക് കൊടുത്തിട്ടില്ലെന്നും തന്റെ ഓഫീസില്‍ നിന്ന് നാസില്‍ തന്നെയോ അല്ലെങ്കില്‍ മറ്റാരെങ്കിലും വഴിയോ മോഷ്ടിച്ചതാവാമെന്നും തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

"താന്‍ തീയ്യതിയും തുകയും എഴുതാതെ ചെക്ക് നല്‍കിയെന്നും അതിനുള്ള രേഖയുണ്ടെന്നും അവകാശപ്പെട്ട് നാസില്‍ കാണിച്ച ആ കരാറിനെക്കുറിച്ച് ഇപ്പോള്‍ വിവരമില്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു രേഖയില്ല. 2012ല്‍ യുഎഇയില്‍ നിലവില്‍വന്ന നിയമപ്രകാരം നേരത്തെയുണ്ടായിരുന്ന ചെക്കുകള്‍ നിരോധിച്ച് പുതിയ തരത്തിലുള്ള ചെക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍ നോട്ട് നിരോധനം വന്നതുപോലെ, കൈവശമുള്ള പഴയ ചെക്കുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് അധികൃതര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് നാസില്‍ ചെക്ക് മാറ്റി വാങ്ങിയിട്ടില്ല. തന്നെ കുടുക്കി പണം വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്ന് വ്യക്തമാവുന്ന ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നു. അഞ്ച് പൈസയും നാസിലിന് കൊടുക്കാനില്ല. കരാര്‍ പ്രകാരമുള്ള ജോലിയുടെ ഗുണനിലവാരത്തിലെ വീഴ്ച പരിശോധിച്ചാല്‍ തനിക്ക് ഇങ്ങോട്ട് പണം നല്‍കാനുണ്ടാവും" - തുഷാര്‍ പറഞ്ഞു. 

"നാസില്‍ ഹാജരാക്കിയ ചെക്കിന് രണ്ട് പേര്‍ ഒപ്പിട്ടാലേ സാധുതയുള്ളൂ. ഇക്കാര്യം ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ യാത്രയിലായിരിക്കുമെന്നതിനാല്‍ ഒപ്പിട്ടുവെച്ചിരുന്നതാണ്. മറ്റൊരാള്‍ കൂടി ഒപ്പിട്ടാലേ അതിന് സാധുതയുണ്ടാവുകയുള്ളൂ. എന്നിരുന്നാലും കേസ് കോടതിയിലെത്തിയപ്പോള്‍ താന്‍ ഒത്തുതീര്‍പ്പിന് സന്നദ്ധനായി. ഒത്തുതീര്‍പ്പിന് 30 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ ഒരു പൈസയും നല്‍കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍തന്നെ ഒരു ലക്ഷം ദിര്‍ഹം നല്‍കാമെന്ന് സമ്മതിച്ചു. ഇതൊന്നുമില്ലെങ്കില്‍ പോലും മാന്യമായി സംസാരിക്കാന്‍ വന്നാല്‍ താന്‍ പണം കൊടുക്കും". സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ട് നാസിലിന് ഒരു ലക്ഷം ദിര്‍ഹം കൊടുക്കാമെന്ന് താന്‍ പറഞ്ഞതെന്നും അത് ദാനം പോലെയാണെന്ന് കരുതിയാല്‍ മതിയെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംഭവങ്ങളെ ജാതീയമായിപ്പോലും തിരിച്ചുവിടാന്‍ വരെ നാസില്‍ ശ്രമിച്ചു. തനിക്കെതിരെ യാത്രാ വിലക്ക് വേണമെന്ന് പറഞ്ഞ് നാസില്‍ കോടതിയില്‍ അപേക്ഷ കൊടുത്തു. ആവശ്യമായ രേഖയില്ലെന്ന് പറഞ്ഞ് അത് കോടതി തള്ളുകയായിരുന്നു. താന്‍ നാട്ടില്‍ പോകാന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. രേഖകള്‍ ശേഖരിച്ച് കോടതിയില്‍ കൊടുത്തു. വരും ദിവസങ്ങളില്‍ അത് ബോധ്യമാവും. സ്വന്തം സഹപാഠികളെപ്പോലും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നാസിലിന് സാധിച്ചിട്ടില്ല. രേഖകള്‍ താന്‍ ഉണ്ടാക്കിയതാണെന്ന് അദ്ദേഹത്തിന് അവരുടെ മുന്നില്‍ സമ്മതിക്കേണ്ടിവന്നു. തന്റെ അറിവില്‍ ആര്‍ക്കും താന്‍ ചെക്ക് കൊടുത്തിട്ടില്ല. എവിടെനിന്നോ മോഷ്ടിച്ചതാണ്. താന്‍ ഒപ്പിട്ട ലെറ്റര്‍ഹെഡ് വരെ ഉണ്ടെന്ന് പറയുന്നു. ചെക്കിലെ ഒപ്പ് തന്റേത് തന്നെയാണ്. തന്റെ ഓഫീസില്‍ നിന്ന് ആരെങ്കിലും തന്നെ നല്‍കിയതാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലും നാട്ടിലും താന്‍ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം കാണാം...

Follow Us:
Download App:
  • android
  • ios