പെട്രോൾ പമ്പുകളിൽ വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കിയില്ലെങ്കിലും  ക്യൂ പാലിച്ചില്ലെങ്കിളും ഇനി പെട്രോൾ ലഭിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പെട്രോള്‍ പമ്പുകളിൽ ക്യൂ ലെയ്‌നുകള്‍ പാലിക്കാത്ത ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നത് നിരോധിക്കും. 

റിയാദ്: സൗദിയില്‍ പെട്രോള്‍ പമ്പുകളില്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കാത്തവര്‍ക്കും ക്യൂ പാലിക്കാത്തവര്‍ക്കും ഇന്ധനം നല്‍കുന്നത് ഊര്‍ജ മന്ത്രാലയം വിലക്കി. പെട്രോള്‍ ബങ്കുകളില്‍ നിശ്ചിത ക്യൂ ലെയ്‌നുകള്‍ പാലിക്കാത്ത ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നത് നിരോധിച്ചുകൊണ്ട് ഊര്‍ജ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു.

ഇന്ധനം നിറക്കുന്ന സമയത്ത് വാഹന എന്‍ജിനുകള്‍ ഓഫ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കരുതെന്നും പെട്രോള്‍ ബങ്കുകളുടെയും സര്‍വീസ് സെന്ററുകളുടെയും മാനേജ്‌മെന്റുകള്‍ക്കും പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെയും കരാറുകളേറ്റെടുത്ത കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. പെട്രോള്‍ ബങ്കുകളില്‍ വാഹന ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സുഗമമായ സേവനം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി.