അബുദാബി: ഗള്‍ഫ് മേഖലയില്‍ കൊറോണ ഭീതി ശക്തമാവുകയാണെങ്കിലും പൊതുപരിപാടികള്‍ റദ്ദാക്കാനോ സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടാനോ പദ്ധതിയില്ലെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്‍മെന്റ് അതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഏത് മോശമായ സാഹചര്യവും നേരിടാന്‍ യുഎഇ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണ വൈറസ് കേസുകള്‍ യുഎഇ സൂക്ഷ്‍മമായി നിരീക്ഷിച്ചുവരികയാണ്.  രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധ സംശയിക്കുന്നവരെ പരമാവധി നേരത്തെ തന്നെ കണ്ടെത്താനും അവര്‍ക്ക് ചികിത്സ നല്‍കാനും മതിയായ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലും തിങ്കളാഴ്ച മുതലാണ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. നിലവില്‍ സൗദി അറേബ്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.