വാകസിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണം.

മനാമ: ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലും പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമോ ക്വാറന്‍റീന്‍ ആവശ്യമില്ല. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം.

രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചതായി കണക്കാക്കുന്നത്. ബഹ്‌റൈനി പൗരന്മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍(വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ) എന്നിവര്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാം. 

അതേസമയം വാകസിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പിഡിഎഫ് റിപ്പോര്‍ട്ടും ഒരേപോലെയായിരിക്കണം. വാക്‌സിന്‍ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ബഹ്‌റൈനിലെത്തുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തണം. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പരിശോധന ആവശ്യമില്ല. മൂന്നു പരിശോധനകള്‍ക്കുമായി 36 ദിനാറാണ് ഫീസ്. ഈ തുക 'ബിവെയര്‍ ബഹ്‌റൈന്‍' മൊബൈല്‍ ആപ്പിലൂടെ അടയ്ക്കുകയോ വിമാനത്താവളത്തിലെ കിയോസ്‌കില്‍ അടക്കുകയോ ചെയ്യാം.

വാക്‌സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള താമസസ്ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലോ കഴിയാം. യാത്ര പുറപ്പെടുന്നതിന് മുമ്പ് താമസസ്ഥലത്തിന്റെ രേഖ ഹാജരാക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona