ഒമാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദേശികൾ മരിച്ചു. മരിച്ചവർ ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്. രണ്ട് പേർക്ക് പരിക്കേറ്റു.

മസ്‌കറ്റ്: ഒമാനിലെ മത്ര പ്രവിശ്യയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദേശികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവർ ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 9:15ഓടെയാണ് അപകടം ഉണ്ടായത്. 23 ഫ്രഞ്ച് വിനോദസഞ്ചാരികളും, കപ്പൽ ക്യാപ്റ്റനും, ഒരു ടൂർ ഗൈഡും ഉൾപ്പെടെ 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് 2.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.

അപകടം സംബന്ധിച്ച സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ കോസ്റ്റ് ഗാർഡ് സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കടലിൽ കാണാതായവരെ ഡൈവിംഗ് സംഘം കണ്ടെത്തുകയും ബാക്കിയുള്ളവരെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂർ ബോട്ടുകളുടെ സഹായത്തോടെ കരയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രാഥമിക ചികിത്സ നൽകി. തണുപ്പും പരിഭ്രാന്തിയും മൂലം ഇവർ അസ്വസ്ഥരായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കടലിലെ ശക്തമായ തിരമാലകളാകാം അപകടത്തിന് കാരണമായതെന്ന് പ്രാഥമികമായി കരുതുന്നു. അപകടം സംബന്ധിച്ച് റോയൽ ഒമാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ നിലനിൽക്കുമ്പോൾ ടൂർ കമ്പനികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.