കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഒമാനില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മസ്‍കറ്റ് : ഒമാൻ ആരോഗ്യ മന്ത്രാലയം (Oman Health Ministry) അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ (Side effects) ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിർദിഷ്‍ട വാക്സിൻ ഡോസുകൾ പൂർത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ ഒമാനിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ 72 മണിക്കൂറിനിടെ 343 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഞായറാഴ്‍ച ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്. വ്യാഴാഴ്‍ച 119 പേര്‍ക്കും വെള്ളിയാഴ്‍ച 102 പേര്‍ക്കും ശനിയാഴ്‍ച 122 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ഒമാനില്‍ ന്യൂനമർദം ബുധനാഴ്‍ച വരെ തുടരും; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്
മസ്‍കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ജനുവരി ബുധനാഴ്‍ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ വടക്കൻ ഗവര്‍ണറേറ്റുകളിലുള്ള ജനങ്ങള്‍ അസ്ഥിര കാലാവസ്ഥ മുന്നില്‍കണ്ടുള്ള ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം.

മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കറ്റ്, തെക്കൻ അൽ ശർഖിയ, വടക്കൻ ശർഖിയ, ബറേമി, ദാഖിലിയ, ദാഹിറ എന്നീ മേഖലകളിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഇവിടങ്ങളില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്‍ധമാകാനും മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശത്തിൽ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്‍ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വെള്ളക്കെട്ടുകളിൽ പോകാൻ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.