പരിശോധന നടത്തേണ്ടവര്‍ ഇതിനായി അടുത്തുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. 

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‍ച തുടക്കമായിരിക്കെ, വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ പരിശോധന നടത്തേണ്ടവര്‍ക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂക്കില്‍ നിന്നുള്ള സ്രവമെടുത്ത് നടത്തുന്ന ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളില്‍ ലഭ്യമാവും. പരിശോധന നടത്തേണ്ടവര്‍ ഇതിനായി അടുത്തുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കൊവിഡ് ആന്റിജന്‍ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് ക്യാബിനറ്റ് അറിയിച്ചിരുന്നു. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇത് ബാധകം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍, കൊവിഡ് രോഗം ബാധിച്ച ശേഷം ഭേദമായവര്‍, ആരോഗ്യ കാരണങ്ങള്‍ കൊണ്ട് വാക്സിനെടുക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ എന്നിവര്‍ക്ക് ആഴ്‍ചതോറുമുള്ള പരിശോധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona