റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കിടയില്‍ ബുധനാഴ്ച വരെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇരുഹറം കാര്യാലയം വക്താവ് വ്യക്തമാക്കി. പ്രതിരോധം, അണുനശീകരണം, തീര്‍ഥാടകരുടെ വരവ്, ബോധവത്കരണം എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉംറ സീസണ‍ില്‍ ആദ്യഘട്ടത്തില്‍ നടന്നുവരുന്നത്.

രോഗ ലക്ഷണം കാണിക്കുന്ന അല്ലെങ്കില്‍ സംശയിക്കുന്ന ഏതൊരു തീര്‍ത്ഥാടകനെയും താമസിപ്പിക്കുന്നതിനായി നാല് കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ത്ഥാടനം ഏഴുമാസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പുനരാരംഭിച്ചത്. കൊവിഡ് പ്രോേട്ടാക്കോളുകള്‍ പാലിച്ച് പ്രതിദിനം 6,000 തീര്‍ത്ഥാടകര്‍ക്ക് വരെയാണ് ആദ്യഘട്ടത്തില്‍ ഉംറക്ക് അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം 'തീര്‍ത്ഥാടകരെ സേവിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനം' എന്ന പരിപാടിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് ഹറമില്‍ നടന്നുവരുന്നത്. തീര്‍ത്ഥാടകര്‍ക്ക് ചൂടിന് ആശ്വാസമേകാന്‍ നൂറുകണക്കിനു കുടകളാണ് വിതരണം ചെയ്യുന്നത്. ഇതിനു പുറമെ മാസ്‌ക്, സ്റ്റെറിലൈസര്‍ അടങ്ങുന്ന പായ്ക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.