Asianet News MalayalamAsianet News Malayalam

ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക റൂട്ട്സ്

ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക റൂട്ട്സ്. ഇതിനോടകം തിരിച്ചെത്തിയ പ്രവാസികൾ തുടങ്ങിയത് 2600 ചെറുകിട സംരംഭങ്ങൾ. 

norka roots helping pravasi
Author
Kerala, First Published May 21, 2019, 1:45 AM IST

തിരുവനന്തപുരം: ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക റൂട്ട്സ്. ഇതിനോടകം തിരിച്ചെത്തിയ പ്രവാസികൾ തുടങ്ങിയത് 2600 ചെറുകിട സംരംഭങ്ങൾ. ഗുണഭോക്താക്കളിൽ കൂടുതൽ പേരും സൗദിയിൽ നിന്ന് തിരിച്ചെത്തിയവരാണ്.

കേരള പ്രവാസികാര്യ വകുപ്പ് ആവിഷ്‌ക്കരിച്ച പനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ്‌ വഴിയാണ് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ചു പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2013 ൽ തുടങ്ങിയ പദ്ധതിയിലൂടെ ഇതുവരെ 2600 വ്യത്യസ്ത സംരംഭങ്ങൾ തുടങ്ങാൻ പ്രവാസികൾക്കായതായി നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഇതിൽ ഗണ്യമായ പങ്കു പ്രവാസികൾ സൗദിയിൽ നിന്ന് തിരിച്ചെത്തിയവരാണ്.

പരമാവധി 30 ലക്ഷം രൂപ വരെ അടങ്കൽ മൂലധനച്ചെലവ് വരുന്ന പദ്ധതികൾക്ക് നോർക്ക റൂട്ട്സുമായി ധാരണയായിട്ടുള്ള സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭിക്കും. ഇതിൽ മൂന്ന് ലക്ഷം രൂപവരെ മൂലധന സബ്‌സിഡി കിട്ടും. കൂടാതെ തിരിച്ചടവ് പ്രോത്സാഹനമായി മൂന്ന് ശതമാനം പലിശ സബ്‌സിഡി ആദ്യ നാല് വർഷത്തേക്കും ലഭിക്കും.

രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തു മടങ്ങിയെത്തിയവർക്കും പ്രവാസികൾ ചേർന്ന് തുടങ്ങുന്ന സംഘങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. നോർക്ക റൂട്ട്സ് വഴി ഇവർക്ക് സംരംഭക പരിശീലനവും നൽകും. കൂടുതൽ വിവരങ്ങൾ norkaroots.org എന്ന വെബ്‌സൈറ്റിലും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും ലഭിക്കും. 

Follow Us:
Download App:
  • android
  • ios