വിമാനത്തിലെ പിന്‍ഭാഗത്തെ കിച്ചണില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അനാവശ്യമായി എപ്പോഴും ബിസിനസ് ക്ലാസില്‍ കയറിയിറങ്ങിയിരുന്നതായി യാത്രക്കാരും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.
ദുബായ്: വിമാനത്തില്‍ വെച്ച് രണ്ട് സഹോദരങ്ങളുടെ പണം മോഷ്ടിച്ച ജീവനക്കാരനെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. ഒപ്പം യാത്ര ചെയ്തിരുന്ന ഇവരുടെ പിതാവിന് സുഖമില്ലാതായപ്പോള്‍ സഹോദരങ്ങള്‍ ശുശ്രൂഷിക്കാന്‍ പോയ സമയത്താണ് പഴ്സിലെ പണം അപഹരിച്ചത്. പണം നഷ്ടമായത് പൊലീസില്‍ അറിയിച്ചുവെന്ന് മനസിലായതോടെ ഇയാള്‍ നോട്ടുകള്‍ ടോയ്‍ലെറ്റില്‍ നിക്ഷേപിക്കുകയായിരുന്നു.
37കാരനായ ഈജിപ്ഷ്യന്‍ പൗരനെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് സഹോദരങ്ങളും അവരുടെ പിതാവും. ഇടയ്ക്ക് വെച്ച് അച്ഛന് പെട്ടെന്ന് സുഖമില്ലാതായി. ഇതോടെ പഴ്സും മറ്റ് സാധനങ്ങളും സീറ്റില്‍ വെച്ചശേഷം രണ്ട് പേരും അച്ഛന്റെ അടുത്തേക്ക് പോയി. എന്നാല്‍ തിരികെ വന്നപ്പോള്‍ പഴ്സിലുണ്ടായിരുന്ന പണം നഷ്ടമായെന്ന് മനസിലാക്കുകയായിരുന്നു.
2600 ഡോളറും (ഏകദേശം 9500 ദിര്‍ഹം) 9000 ദിര്‍ഹവുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. ജീവനക്കാരെ അറിയിച്ചതോടെ ഇവരുടെ കൈയ്യില്‍ അവശേഷിച്ച മറ്റ് നോട്ടുകളുടെ ചിത്രങ്ങള്‍ എടുത്തശേഷം വിവരം പൊലീസിന് കൈമാറി. പണം നഷ്ടമായ പഴ്സുകളില്‍ പിന്നീട് സ്പര്‍ശിക്കരുതെന്നും പൊലീസ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുബായ് വിമാനത്താവളത്തിലെത്തിയപ്പോള്‍ പൊലീസ് വിമാനത്തിനകത്ത് കയറി തെരച്ചില്‍ നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ പഴ്സുകളില്‍ നിന്ന് പൊലീസ് വിരലടയാളം ശേഖരിച്ചു. ഇത് ക്രിമനല്‍ എവിഡന്‍സ് ആന്റ് ക്രിമിനോളജി ജനറല്‍ ഡയറക്ടറേറ്റില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വിമാന ജീവനക്കാരന്റെ വിരലടയാളം ഇതിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. വിമാനത്തിലെ പിന്‍ഭാഗത്തെ കിച്ചണില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അനാവശ്യമായി എപ്പോഴും ബിസിനസ് ക്ലാസില്‍ കയറിയിറങ്ങിയിരുന്നതായി യാത്രക്കാരും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.
ആദ്യം കുറ്റംനിഷേധിച്ചുവെങ്കിലും പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. യാത്രക്കാരെ സഹായിക്കാനാണ് താന്‍ അവരുടെ സാധനങ്ങളില്‍ സ്പര്‍ശിച്ചതെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ മോഷണം നടത്തിയെന്നും വിമാനത്തില്‍ പൊലീസ് പരിശോധന നടത്തുമെന്ന് ഉറപ്പായതോടെ നോട്ടുകള്‍ ടോയ്‍ലറ്റിലിട്ടുവെന്നും ഇയാള്‍ സമ്മതിച്ചു.
