Asianet News MalayalamAsianet News Malayalam

അരലക്ഷം കോടി രൂപ കടം; പ്രവാസി വ്യവസായി ബിആർ ഷെട്ടി കുരുക്കിൽ, അക്കൗണ്ടുകൾ മരവിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്

 ആസ്തികളുടെ മൂല്യംപെരുപ്പിച്ച് കാട്ടിയെന്നും സാമ്പത്തിക ബാധ്യതകള്‍ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് ഷെട്ടിക്കെതിരെ ഉയർന്നിരിക്കുന്നത്. 

NRI Business man BR Shetty trapped for share market fraud
Author
Dubai - United Arab Emirates, First Published Apr 27, 2020, 9:43 AM IST

ദുബായ്: അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ട എന്‍എംസി, യുഎഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബിആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെൻട്രൽ ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഷെട്ടിക്കോ കുടുംബത്തിനോ നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും  പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം ലഭിച്ചിട്ടുണ്ട്.

എന്‍എംസി ഹെല്‍ത്ത് കെയറിലെ ഓഹരിതട്ടിപ്പില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് വ്യവസായി ബിആര്‍ഷെട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ചത്. യുഎഇയിലെ വിവിധ ബാങ്കുകകളിലായി എന്‍എംസിക്ക് 6.6 ബില്യണ്‍ ഡോളറിന്‍റെ അതായത് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. 

ഇതോടെയാണ് ഷെട്ടിയുടേയോ കുടുംബാംഗങ്ങളുടേയോ പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കാനും മരവിപ്പിക്കാനും യുഎഇ  സെൻട്രൽ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക് ഷെട്ടിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായാണ് സൂചന.

981 മില്യണ്‍ ഡോളറിന്‍റെ ബാധ്യതയാണ് എഡിസിബിയിലുള്ളത്. ഷെട്ടിയുമായി ബന്ധമുള്ള കമ്പനികളെയും സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.  ആസ്തികളുടെ മൂല്യംപെരുപ്പിച്ച് കാട്ടിയെന്നും സാമ്പത്തിക ബാധ്യതകള്‍ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡിവാട്ടേര്‍സ് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയ്ക്കെതിരെ ഉന്നയിച്ചത്. 

കമ്പനിയില്‍ ഷെട്ടിക്കുള്ള ഓഹരികള്‍ കൃത്യമായി കണ്ടെത്താനാവാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പകള്‍ക്ക് ഈട് നല്‍കിയതായും കണ്ടെത്തി. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എന്‍എംസിയില്‍ നിന്ന് രാജിവച്ചു. 

ഓഹരിവിലകൂപ്പുകുത്തിയതോടെ ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത എന്‍എംസി ഓഹരി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ലണ്ടന്‍ ഓഹരി വിപണി നിയന്ത്രണ അതോറിറ്റിയടക്കം നിരവധി കമ്പനികള്‍ നടത്തിയ ഇടപാടിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. എണ്‍പതോളം തദ്ദേശിയ പ്രാദേശിക അന്തര്‍ദേശിയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം പുതിയ വിവാദങ്ങളോട്  ഇപ്പോൾ മം​ഗലാപുരത്തുള്ള ബിആ‍ർ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios