അബുദാബി: വിസ, മാസ്റ്റര്‍ തുടങ്ങിയവയ്ക്ക് പകരം ഉപയോഗിക്കാനാവുന്ന ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് ഇനി യുഎഇയിലും സ്വീകരിക്കും. റുപേ കാര്‍ഡ് ഉപയോഗിക്കാനാവുന്ന മദ്ധ്യപൂര്‍വ ദേശത്തെ ആദ്യ രാജ്യമാവുകയാണ് യുഎഇ. ഡിജിറ്റര്‍ പേയ്മെന്റുകള്‍, വ്യാപാരം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമാക്കുന്ന നടപടിയെ പ്രമുഖ പ്രവാസി വ്യവസായികള്‍ സ്വാഗതം ചെയ്തു.

റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതോടെ യുഎഇയിലെ പി.ഒ.എസ് ടെര്‍മിനലുകളില്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പ്രവാസികള്‍ക്കും യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കും ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. എന്‍.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.

പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപേയുടെ പ്രത്യേകത. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എ.ടി.എം., പി.ഒ.എസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് റുപേ കാർഡുകൾ ഉപയോഗിക്കാനാവും. നിലവില്‍ സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നത്.