ദില്ലി: യുഎഇയിലും ബഹ്റിനിലുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നികുതി അടക്കേണ്ടതില്ലെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡേ. ബഡ്ജറ്റില്‍ നടത്തിയ നികുതി പരിഷ്കരണങ്ങളേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അജയ് ഭൂഷണ്‍ പാണ്ഡേ. ആവശ്യമെങ്കില്‍ ഇതിനായി നിയമങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അജയ് ഭൂഷണ്‍ പാണ്ഡേ ദ പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

നേരത്തെ പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ തീരുമാനത്തിൽ കേന്ദ്രധനകാര്യമന്ത്രാലയം വിശദീകരണവുമായി എത്തിയിരുന്നു. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ ആർക്കും നികുതി നൽകേണ്ടി വരില്ലെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതിന് നികുതി നൽകണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നൽകേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. 

120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവർ നികുതി നൽകണമെന്നതാണ് ബജറ്റിലെ നിർദേശം. നേരത്തേ 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോൾ 240 ദിവസമായി കൂട്ടിയത്. നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാവരും നികുതി നൽകേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു. 

എന്തായാലും, ഇന്ത്യയിലെ വരുമാനത്തിനും സ്വത്തിനുമാണ് നികുതി നൽകേണ്ടിവരിക എന്ന വിശദീകരണം വന്നതോടെ ആ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നേരത്തേ തന്നെ യുഎഇയിൽ താമസിക്കുന്നവർക്ക് നികുതി നൽകേണ്ടി വരില്ലെന്ന വിശദീകരണം ടാക്സേഷൻ വിദഗ്ധർ പറഞ്ഞിരുന്നു. ഇന്ത്യയും യുഎഇയും തമ്മിൽ ഡബിൾ ടാക്സേഷൻ കരാറുണ്ട് (ഇരട്ടനികുതിക്കരാർ). ഇന്ത്യയിലും യുഎഇയിലും എന്തായാലും യുഎഇയിലെ പ്രവാസികൾ നികുതിയടക്കേണ്ടി വരില്ല. വിവിധ രാജ്യങ്ങളിൽ വൻ വ്യവസായം നടത്തുകയും അവിടെയൊന്നും നികുതി നൽകാതെ ഇന്ത്യയിലെ പ്രവാസി പദവി നിലനിർത്തി, ഇവിടെയും നികുതി നൽകാത്തവരെ കുടുക്കാനാണ് ഈ പുതിയ നയം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്.