എന്‍.എസ്.എസ് കുവൈത്ത് 'സ്നേഹ വീട്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തി
കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സ്നേഹവീടുകളുടെ താക്കോല്‍ദാനം അടുത്ത മാസം നടത്തും

കുവൈത്ത് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്തിന്‍റെ ഭവന നിർമാണ പദ്ധതിയായ 'സ്നേഹ വീട്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു. എന്‍.എന്‍.എസ്.കുവൈറ്റ് ഭാരവാഹികളും എന്‍.എസ്.എസ്. ആസ്ഥാനത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പർമാരും താലൂക് യൂണിയനെ പ്രതിനിധീകരിച്ച് യൂണിയൻ ഭാരവാഹികളും കരയോഗം ഭാരവാഹികളും വിവിധ ജില്ലകളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. ഈ വര്‍ഷം 15 വീടുകളാണ് എന്‍.എസ്.എസ് കുവൈത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അശരണര്‍ക്കായി നല്‍കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായ കൊല്ലം ജില്ലയിലെ മുഖത്തലയിലും ചേർത്തല കണിച്ചുക്കുളങ്ങരയിലെ തിരുവിഴയിലും ചെങ്ങന്നൂരിലെ ബുധനൂരിലേയും മൂന്ന് വീടുകളുടെ താക്കോല്‍ദാന കര്‍മ്മമാണ് നടന്നത്. എൻ.എസ്.എസ് കുറുമണ്ണ കരയോഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപിച്ച പൊതു യോഗത്തിൽ പ്രസിഡന്‍റ് പിആർ ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ചടങ്ങിന്‍റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് കുവൈത്ത് പ്രസിഡന്‍റ് കാർത്തിക് നാരായണൻ ആദ്യ സ്നേഹ വീടിന്‍റെ താക്കോല്‍ ഗുണഭോക്താവായ ശ്രീലതയ്ക്ക് കൈമാറി. എൻ.എസ്.എസ് കുവൈത്ത് ജനറർ സെക്രട്ടറി അനീഷ് പി നായർ, ട്രഷറർ ശ്യാം ജി നായർ, രക്ഷാധികാരി കെ.പി. വിജയകുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എൻ.എസ്.എസ്. കൊല്ലം വനിത യൂണിയൻ പ്രസിഡൻ്റ് ശ്രീകുമാരി നാരായണൻ നായര്‍ ചടങ്ങില്‍ നന്ദി അറിയിച്ചു.
കണിച്ചുകുളങ്ങര തിരുവിഴ കരയോഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസിഡന്‍റ് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡൻ്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ പ്രൊഫസർ ഇലത്തിയിൽ രാധാകൃഷ്ണൻ യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. സ്നേഹവീട് പദ്ധതിയുടെ രണ്ടാമത് ഭവനത്തിന്‍റെ താക്കോല്‍ എൻ.എസ്.എസ് കുവൈത്ത് പ്രസിഡൻ്റ് കാർത്തിക് നാരായണൻ ഗുണഭോക്താവായ കോമളാമ്മയ്ക്ക് സമര്‍പ്പിച്ചു. കരയോഗം സെക്രട്ടറി അപ്പുകുട്ടൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.എസ്.എസ് കുവൈത്ത് ജനറൽ സെക്രട്ടറി അനീഷ് പി നായർ പദ്ധതി വിശദീകരണം നടത്തി. നിരവധി പൊതു പ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
ചെങ്ങന്നൂര്‍ ബുധനൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപിച്ച പൊതുയോഗത്തിൽ കരയോഗം പ്രസിഡൻ്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയൻ പ്രസിഡൻ്റും, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ സുകുമാര പണിക്കർ യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കുവൈത്ത് പ്രസിഡൻ്റ് കാർത്തിക് നാരായണൻ സ്നേഹ വീടിന്‍റെ താക്കോല്‍ ഗുണഭോക്താവായ ആശാ രാജിന് കൈമാറി. കരയോഗം സെക്രട്ടറി ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ചെങ്ങന്നൂർ താലൂക് യൂണിയൻ സെക്രട്ടറി മോഹൻ ദാസ്, താലൂക്ക് യൂണിയൻ മെമ്പർ അരുൺ, വനിതാ സമാജം പ്രസിഡൻ്റ് ശ്രീകുമാരി എന്നിവർ ആശംസകൾ രേഖപെടുത്തി.
read more:ബീച്ച് ഗെയിംസ്: മിന്നും പ്രകടനവുമായി ഖത്തർ, ആതിഥേയ പതാക ഏറ്റുവാങ്ങി
കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സ്നേഹവീടുകളുടെ താക്കോല്‍ദാനം അടുത്ത മാസം നടത്തുമെന്നും, വെണ്മണി, ഇളമാട് കരയോഗങ്ങളിലായി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനകര്‍മ്മം ഈമാസം നടത്തുമെന്നും എൻ.എസ്.എസ്. കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
