പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു.

അബുദാബി: ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. മരണസംഖ്യ 96 ആയി. സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 4462ആയി ഉര്‍ന്നു. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 429പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4123 ആയി ഉയര്‍ന്നു.

ഏഴുപേര്‍ക്കൂടി മരിച്ചതോടെ സൗദിയില്‍ മരണസംഖ്യ 59ആയി. ഖത്തറില്‍ ഒരു പ്രവാസി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 251 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽ 45 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹക്കുന്ന പൗരന്മാരെ അതാത് രാജ്യങ്ങൾ തിരികെ കൊണ്ട് പോകണമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു. കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എന്നാല്‍ ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം, രാാജ്യത്തെ കൊവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനസർവീസിനു തയാറാണെന്ന് യുഎഇ അറിയിച്ചെങ്കിലും ലോക് ഡൗണ്‍ കഴിയെട്ടെയെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. യുഎ ഇ നിലപാട് കർശനമാക്കിയതോടെ പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യ ഉടൻ അനുമതി നൽകേണ്ടി വരും.