ആളുകളുടെ അലംഭാവമാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ ദിവസം വീണ്ടും മുന്നൂറിന് മുകളിലെത്തി. നൂറിന് താഴേക്ക് പോയ പ്രതിദിന കണക്കാണ് വീണ്ടും കുതിച്ചുയരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സൗദി അധികൃതർ കൊവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ചിരുന്നു. ആളുകളുടെ അലംഭാവമാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് 310 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലായിരുന്നവരിൽ 271 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. രാജ്യത്ത് വിവിധയിടങ്ങളിലായി നാലുപേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,68,639ഉം രോഗമുക്തരുടെ എണ്ണം 3,60,110ഉം ആയി. ആകെ മരണസംഖ്യ 6383 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2146 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 375 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 131, കിഴക്കൻ പ്രവിശ്യ 61, മക്ക 38, മദീന 16, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 9, അസീർ 8, ഖസീം 7, നജ്റാൻ 7, ഹാഇൽ 4, തബൂക്ക് 3, ജീസാൻ 3.
