കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാർഹികത്തൊഴിലാളികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല്‍പതിനായിരത്തോളം തൊഴിലാളികളാണ് പുതുതായി എത്തിയത്. ഗാർഹിക തൊഴിലാളികളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ നിന്നാണ്.

മാൻപവർ അതോറിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഗാർഹികത്തൊഴിലാളികളുടെ എണ്ണത്തിൽ 24.2 ശതമാനം വർധനവാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 39285 ഗാര്‍ഹിക തൊഴിലാളികളാണ് പുതുതായി രാജ്യത്തെത്തിയത്.

ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നവിദേശികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 327000  
ഇന്ത്യക്കാർ കുവൈത്തിലെ ഗാർഹിക ജോലി ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. 137,000 പേരുമായി ഫിലിപ്പീൻസ് ആണ് രണ്ടാം സ്ഥാനത്ത്.    
ബംഗ്ലാദേശ്, ശ്രീലങ്ക, ഇത്യോപ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരും ഗാർഹികജോലിക്കാരായുണ്ട്. ഗാർഹിക തൊഴിലാളിക്ഷാമം പരിഹരിക്കാൻ
ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേരെ ഈ മേഖലയിലേക്കെത്തിക്കാനുള്ള നീക്കത്തിലാണ് കുവൈത്ത്.