കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് സ്ഥിരീകരിച്ച 93 പേരിൽ 64 പേർ ഇന്ത്യക്കാരാണ്. അതിനിടെ ഒരാൾ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് കുവൈത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

കുവൈത്തിൽ 64 ഇന്ത്യക്കാർക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചതോടെ രോഗം ബാധിച്ച ആകെ ഇന്ത്യക്കാരുടെ എണ്ണം 988 ആയി. അതേസമയം കുവൈത്തിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1751 ആയി. പുതിയതായി രോഗം ബാധിച്ചവരിൽ 83 പേർക്ക് രോഗം പടർന്നത് കൊവിഡ് ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. 10 പേർക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. 

68 കാരനായ ബംഗ്ലാദേശ് പൗരനാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ കുവൈത്തിലെ കൊവിഡ് മരണസംഖ്യ ആറായി. 22 പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 280 ആയി. നിലവിൽ 1465 പേരാണ് ചികത്സയിലുള്ളത്. ഇതിൽ 34 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.