Asianet News MalayalamAsianet News Malayalam

ദുബായ് വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന പൈലറ്റിന്റെ ഭീഷണി; കേസില്‍ വീണ്ടും ട്വിസ്റ്റ്

വിമാനത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്ത പൈലറ്റ് മണിക്കൂറുകളോളം മറ്റ് യാത്രക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. സംഭവ സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ദുബായ് പൊലീസ് രജിസ്റ്റര്‍ കേസില്‍ കീഴ്കോടതിയില്‍ വിചാരണ നടക്കവെ പ്രധാന സാക്ഷിയായ എയര്‍ ഹോസ്റ്റസ് മൊഴി മാറ്റിയിരുന്നു. 

Off duty pilot denies risking passengers safety
Author
Dubai - United Arab Emirates, First Published Dec 11, 2018, 12:23 PM IST

ദുബായ്: ദുബായിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്കയുളവാക്കുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും വാദിച്ച് പൈലറ്റ് അപ്പീല്‍ കോടതിയെ സമീപിച്ചു. എയര്‍ ഹോസ്റ്റസുമാരെ അസഭ്യം പറഞ്ഞത് ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങളും ഇയാള്‍ നിഷേധിച്ചു. നേരത്തെ കേസ് പരിഗണിച്ച കീഴ്‍കോടതി പൈലറ്റിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 

വിമാനത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്ത പൈലറ്റ് മണിക്കൂറുകളോളം മറ്റ് യാത്രക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. സംഭവ സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ദുബായ് പൊലീസ് രജിസ്റ്റര്‍ കേസില്‍ കീഴ്കോടതിയില്‍ വിചാരണ നടക്കവെ പ്രധാന സാക്ഷിയായ എയര്‍ ഹോസ്റ്റസ് മൊഴി മാറ്റിയിരുന്നു. വിചാരണയുടെ ആദ്യ ഘട്ടത്തില്‍ ദുബായ് കോടതിയില്‍ ഹാജരായി സംഭവം മുഴുവന്‍ ജഡ്ജിക്ക് മുന്നില്‍ വിശദീകരിച്ച എയര്‍ ഹോസ്റ്റസാണ് പിന്നീട് നിലപാട് മാറ്റിയത്. കേസില്‍ പൈലറ്റിനെതിരെ മൊഴി നല്‍കിയ എയര്‍ ഹോസ്റ്റസ് പിന്നീട് എല്ലാ ആരോപണങ്ങളും പിന്‍വലിച്ചെങ്കിലും അത് അംഗീകരിക്കാതെ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കുറ്റമെല്ലാം നിഷേധിച്ചുകൊണ്ട് പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുന്നത്.

സ്പെയിനിലെ മാഡ്രിഡില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന വിമാനത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യുഎഇ പൗരനായ 27 വയസുള്ള പൈലറ്റാണ് അക്രമം നടത്തിയത്. ഇയാള്‍ സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. മാഡ്രിഡിലെ യുഎഇ എംബസിയില്‍ നിന്നുള്ള നാല് ജീവനക്കാരാണ് ഇയാളെ വിമാനത്തില്‍ കയറ്റിയത്. സ്പെയിനില്‍ തുടരാന്‍ ഇയാള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. വിമാനത്തില്‍ കയറിയത് മുതല്‍ ജീവനക്കാരെ അസഭ്യം പറയാന്‍ തുടങ്ങി. വിമാനത്തിലെ കിച്ചണിലേക്ക് കയറിയ ഇയാള്‍ അനുവാദമില്ലാതെ കൂടുതല്‍ മദ്യം എടുത്ത് കുടിച്ചു. ഇറാഖിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു ആദ്യ ഭീഷണി. താന്‍ ഇറാഖിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു.

ജീവനക്കാര്‍ ഇയാളെ പിടിച്ചുകൊണ്ടുവന്ന് സീറ്റിലിരുത്തിയപ്പോള്‍, വിമാനത്താവളത്തില്‍ ഒരു വിഐപി എല്ലാവരെയും കാത്തിരിക്കുകയാണെന്നും എല്ലാവരെയും കൊലപ്പെടുത്തുമെന്നുമായി ഭീഷണി. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ താന്‍ പുകവലിച്ചിട്ട് 15 മിനിറ്റായെന്നും പുകവലിക്കണമെന്നും പറഞ്ഞു. വിമാനത്തില്‍ അത് അനുവദനീയമല്ലെന്ന് പൈലറ്റായ ഇയാള്‍ക്ക് അറിയാമായിരുന്നിട്ടും ജീവനക്കാരെ അസഭ്യം പറഞ്ഞു. ടോയ്‍ലറ്റിലേക്ക് ഓടിയെങ്കിലും അതിനുള്ളില്‍ മറ്റൊരു സ്ത്രീയുണ്ടായിരുന്നു. വാതിലില്‍ ശക്തിയായി ഇടിച്ചപ്പോള്‍ പരിഭ്രാന്തയായി ഇവര്‍ പുറത്തിറങ്ങി.

ജീവനക്കാര്‍ പിന്നെയും പിടിച്ച് സീറ്റിലിരുത്തിയപ്പോള്‍ തന്റെ പക്കല്‍ ബോംബുണ്ടെന്നും അത് ഇപ്പോള്‍ പെട്ടിത്തെറിക്കുമെന്നുമായി ഭീഷണി. കാലിലുണ്ടായിരുന്ന ഷൂസ് ഊരി എറിയാന്‍ ശ്രമിച്ചപ്പോള്‍ ഒരു യാത്രക്കാരന്‍ തടഞ്ഞു. ഇയാളെ അടിച്ചുവീഴ്ത്തി.  വിമാനത്തിലെ ടെലിവിഷന്‍ സ്ക്രീനില്‍ തലയിടിച്ച് മുറിവുണ്ടാക്കി. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും എയര്‍ ഹോസ്റ്റസുമാര്‍ പരാതിപ്പെട്ടിരുന്നു. കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് മുന്‍പാകെ നടന്ന സംഭവങ്ങള്‍ അഭിനയിച്ച് കാണിക്കാനും രണ്ട് എയര്‍ഹോസ്റ്റസുമാര്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് തങ്ങളെ അഭിസംബോധന ചെയ്ത വാക്കുകള്‍ ഉള്‍പ്പെടെയാണ് ഇവര്‍ കോടതിയെ അറിയിച്ചത്. അഞ്ച് മണിക്കൂറും 40 മിനിറ്റും ഇയാളെ വിമാനത്തിനുള്ളില്‍ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ഒരു സീറ്റും ജനലിന്റെ ഒരു ഭാഗവും ഇയാള്‍ അടിച്ചുതകര്‍ത്തു. ഇതിന് 10,324 ദിര്‍ഹത്തിന്റെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. 

നേരത്തെ എയര്‍ഹോസ്റ്റസ് മൊഴി മാറ്റിയതോടെ കേസില്‍ പൈലറ്റിനെ കുറ്റവിമുക്തനാക്കണമെന്നും വെറുതെ വിടണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത് നിരസിച്ചാണ് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം അപ്പീല്‍ കോടിയില്‍ വാദിച്ചത്. ഇപ്പോള്‍ തന്നെ ആറ് മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്നും മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും ഇയാള്‍ അവതരിപ്പിച്ച വാദങ്ങളില്‍ പറയുന്നു. കേസില്‍ ഡിസംബര്‍ 16ന് കോടതി വീണ്ടും പരിഗണിക്കും.

Follow Us:
Download App:
  • android
  • ios