Asianet News MalayalamAsianet News Malayalam

സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരും 'വലിയ വില' കൊടുക്കേണ്ടിവരും

ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ഇതുവരെയെത്താത്ത ഉയരത്തിലേക്കാവും എണ്ണവില കുതിക്കുന്നത്. 

oil price may go up after terror attack in saudi
Author
Riyadh Saudi Arabia, First Published Sep 15, 2019, 2:26 PM IST

റിയാദ്: സൗദി അരാംകോയ്ക്ക് നേരെ ശനിയാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം അന്താരാഷ്ട്ര എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൂതികളുടെ ആക്രമണമുണ്ടായ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകളില്‍നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചിരിക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചുമുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡ്രോണ്‍ ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ അരാംകോ ഇപ്പോഴും കണക്കാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ.  ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്ലാന്റിനുണ്ടായ കേടുപാടുകള്‍ വലിയ തോതില്‍ ഉത്പാദനം കുറയ്ക്കും. ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ, അഞ്ചു ദശലക്ഷം ബാരലിന്റെ കുറവ് വരുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ സൗദിയുടെ എണ്ണ ഉദ്പാദനത്തിന്‍റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങും. ലോകത്തെ പ്രധാന എണ്ണ വിതരണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടതെന്നാണ് അമേരിക്ക പ്രതികരിച്ചത്. വിവിധ രാഷ്ട്രങ്ങളെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തു. സൗദിയുടെ എണ്ണ ഉത്പാദനം കുറയുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു മുതല്‍ പത്ത് ഡോളര്‍ വരെ വില വര്‍ധിച്ചേക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിലേക്കായിരിക്കും ഇത് നയിക്കുക. 

ശനിയാഴ്ച പുലര്‍ച്ചെ 3.31നും 3.42നുമാണ് അബ്ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് വന്‍ സ്ഫോ‌ടനവും തീപിടുത്തവുമുണ്ടായി. രണ്ടിടങ്ങളിലും ആളപായമില്ലെന്ന് അരാംകോ സിഇഒ അമിന്‍ നാസര്‍ വിശദീകരിച്ചു. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ഇതുവരെയെത്താത്ത ഉയരത്തിലേക്കാവും എണ്ണവില കുതിക്കുന്നത്. 

Follow Us:
Download App:
  • android
  • ios