മസ്കത്ത്: ഒമാനില്‍ വെല്‍ഡിങിനിടെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഗാല വ്യവസായ മേഖലയിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇര്‍ഫാന്‍, സന്തോഷ് എന്നിവരാണ് മരിച്ചത്.

അസംസ്കൃത എണ്ണ കൊണ്ടുപോയിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ടാങ്കറിനുള്ളില്‍ ഇറങ്ങി വെല്‍ഡിങ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നു. ടാങ്കറിനുള്ളില്‍ ഓയിലിന്റെ അംശമുണ്ടായിരുന്നെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തീ പടര്‍ന്നതിന് പിന്നാലെ വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പുറത്ത് നില്‍ക്കുകയായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ടാങ്കറിനുള്ളില്‍ നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു.