1970 ജൂലൈ 23 നാണു സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഒമാന്‍റെ ഭരണം ഏറ്റെടുക്കുന്നത്

മസ്കറ്റ്: വിപുലമായ ആഘോഷ പരിപാടികളോടെ ഒമാന്‍ സർക്കാർ നാളെ നവോഥാനത്തിന്‍റെ 48 മത് വാര്‍ഷികം ആഘോഷിക്കും. നവോഥാന ദിനമായ നാളെ ഒമാനില്‍ പൊതു അവധിയാണ്. 

1970 ജൂലൈ 23 നാണു സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഒമാന്‍റെ ഭരണം ഏറ്റെടുക്കുന്നത്. ഇതിന് നാളെ 48 വര്‍ഷം തികയുകയാണ്. എല്ലാ മേഖലകളിലും സുരക്ഷയും കെട്ടുറപ്പും ഉള്ള ഒരു രാഷ്ട്രം ആക്കി ഒമാനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് തന്‍റെ പ്രവർത്തന പദ്ധതികൾ രാജ്യത്ത് ആസൂത്രണം ചെയ്തത്. 

അടിസ്ഥാന വികസന പ്രവർത്തനങ്ങളോടൊപ്പം, ജനങ്ങളുടെ മുന്നേറ്റത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച്, ജനപക്ഷ വികസനവും അദ്ദേഹം രാജ്യത്തു സാധ്യമാക്കിയെടുത്തു. 

സുൽത്താൻ ഖാബൂസിനു കീഴില്‍ എല്ലാവിധ പിന്തുണയും നല്‍കി അടിയുറച്ച് നില്‍ക്കുന്ന ജനതയുടെ പിന്‍ബലം വികസനങ്ങള്‍ക്ക് കൂടുതൽ ശക്തി പകർന്നു നൽകി. നവോഥാന ദിനത്തോടനുബന്ധിച്ച് 274 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി പൊതുമാപ്പ് നല്‍കി വിട്ടയച്ചു. ഇതില്‍ 115 പേര്‍ വിദേശികളാണ്.