മസ്‍കത്ത്: ഒമാനിൽ ഇന്ന് 62 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 546 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതുവരെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 109 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

അതേസമയം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'മത്രാ' പ്രവിശ്യയില്‍ നിന്നും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടുന്നത് മലയാളികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഒമാനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ഓരോദിവസം വര്‍ധിക്കുന്നതും വൈറസ്സിന്റെ പ്രഭവ സ്ഥാനം 'മത്രാ' പ്രവിശ്യ ആയതുമാണ് ഇന്ത്യക്കാരെ ആശങ്കയിലാക്കിയത്.

'മത്രാ' പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വാദികബീര്‍, ദാര്‍സൈത്, ഹാമാരിയ, റൂവി എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായ വിദേശികളില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും മലയാളികളാണ്. ഈ പ്രവിശ്യയിലുള്ള മൂന്നു ഇന്ത്യന്‍ സ്‌കൂളുകളിലായി 17,000 വിദ്യാര്‍ഥികളും 1000 ത്തോളം അധ്യാപകരുമുണ്ട്. ഒമാനില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ പകുതിയും വിദേശികളാണെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്.