മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നുവെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫിന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നാണ് ആറംഗ പ്രവാസി കുടുംബത്തെ കാണാതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാണാതായവര്‍ ഏഷ്യക്കാരണെന്ന് മാത്രമാണ് ലഭ്യമാവുന്ന വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രളയത്തില്‍ പെട്ട് ഒലിച്ചുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും പിന്നീട് കാഴ്ച ദുഷ്കരമായതോടെ നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങി. സിവില്‍ ഡിഫന്‍സിനൊപ്പം പൊലീസും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.