മസ്കത്ത്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിലാളിക്ക് കർശന നിർദേശങ്ങൾ നൽകി ഒമാൻ. ഒമാനിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികൾ തങ്ങളുടെ  ജോലി സമയം കഴിഞ്ഞ് വീട്ടിൽ തന്നെ കഴിയണമെന്നാണ് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം. നിർദേശം   ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

 കൊവിഡ്  വൈറസ്  ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ഒമാൻ സുപ്രിം കമ്മറ്റി നടപ്പിലാക്കി വരുന്നത്. പ്രവാസി  തൊഴിലാളികൾ ജോലി കഴിഞ്ഞെത്തിയാൽ താമസ സ്ഥലത്തു  നിന്നും പുറത്ത് പോകരുതെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  ഉത്തരവിൽ പറയുന്നത്. ഇതിനു രാജ്യത്തെ സ്വകാര്യ കമ്പനി  അധികൃതർ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടത്ര  ബോധവത്കരണം നൽകണമെന്നും  മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് .

വാരാന്ത്യങ്ങളിലും മറ്റു പൊതു ഒഴിവു ദിവസങ്ങളിലും തങ്ങൾ താമസിച്ചു വരുന്ന  സ്ഥലങ്ങളിൽ തന്നെ കഴിഞ്ഞു കൂടണമെന്നും  മന്ത്രാലയത്തിന്റെ  അറിയിപ്പിൽ പറയുന്നു. അത്രമാത്രം ഒഴിച്ച് കൂടുവാൻ സാധിക്കാത്ത അവസരങ്ങളിൽ മാത്രമേ  പുറത്ത്  പോകുവൂ എന്നും അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇന്ന് മൂന്നു ഒമാൻ സ്വദേശികൾക്കു കൂടി രാജ്യത്ത് കോവിഡ് 19 പിടിപെട്ടതായി  മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ  ഒമാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 55  ആയി. നേരത്തെ രോഗം സ്ഥിരകരിച്ചിരുന്ന 17  പേർ സുഖം പ്രാപിച്ചു.