മസ്കറ്റ്: അതീവ ജാഗ്രതയില്‍  ഒമാനിലെ വലിയ പെരുന്നാള്‍ ആഘോഷം. ഒമാന്‍ സുപ്രീം കമ്മറ്റിയുടെ കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ പെരുന്നാള്‍ നമസ്‌കാരം താമസസ്ഥലത്ത് നിര്‍വഹിച്ചു കൊണ്ടായിരുന്നു ഒമാനിലെ ഇസ്ലാം മത വിശ്വാസികള്‍ വലിയ  പെരുന്നാളിനായി ഒരുങ്ങിയത്.

ഈ തവണത്തെ ചെറിയ പെരുന്നാളും വലിയ പെരുന്നാളും കൊവിഡ് ഭീതിക്കിടയിലാണ് കടന്നുപോയത്. ഒത്തുചേരലുകളോ ആഘോഷങ്ങളോ പാടില്ല എന്നുള്ള ഒമാന്‍ സുപ്രീം കമ്മറ്റിയുടെ ഉത്തരവ് പൂര്‍ണമായും പാലിക്കുന്നതില്‍ ഒമാനിലെ ഇസ്ലാം മതവിശ്വാസികള്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പൊതുജനസമ്പര്‍ക്കം ഇല്ലാതാക്കുന്നതിന് രാജ്യത്തെ പള്ളികളെല്ലാം തന്നെ അടച്ചിട്ടിരുന്നു. വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കുകയും ചെയ്തു. 

ബലിപെരുന്നാള്‍ ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ വീട്ടില്‍തന്നെ ആഘോഷിക്കണമെന്നും വീടിന് പുറത്ത് ആഘോഷിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വലിയ പെരുന്നാളിനോട് അനുബന്ധിച്ച 217 വിദേശികള്‍ക്കുള്‍പ്പെടെ 433   തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് പൊതുമാപ്പു നല്‍കി വിട്ടയച്ചു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ പൊതുഒഴിവാണ് നല്‍കിയിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് ഒമ്പതിനായിരിക്കും അടുത്ത പ്രവൃത്തി ദിനമെന്നും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്റെ ഉത്തരവില്‍ പറയുന്നു.