ആഘോഷച്ചടങ്ങില്‍ ഒരുമയോടെ വിദേശികളും സ്വദേശികളും

സലാല: സുൽത്താൻ ഖാബൂസ് ബിൻ സഈദിന് കീഴില്‍ ഒമാന്‍ വികസനത്തിന്‍റെ പടവുകള്‍ കയറാന്‍ തുടങ്ങിയിട്ട് 48 വര്‍ഷങ്ങള്‍ തികഞ്ഞു. ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി പിടിച്ച് ഒമാനികള്‍ നവോത്ഥാന ദിനം ആഘോഷിച്ചു. വിദേശികളും സ്വദേശികളും ഒരുപോലെ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളിൽ നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.

രാവിലെ മുതൽ തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഘോഷ ചടങ്ങുകൾ ആരംഭിച്ചിരുന്നു. സുൽത്താൻ ഖാബൂസ് സർവകാലശാലയിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകിയ ആഘോഷച്ചടങ്ങിൽ പങ്കെടുക്കാന്‍ നൂറു കണക്കിന് സ്വദേശികളും ഒപ്പം വിദേശികളും എത്തി. വിദ്യാർത്ഥികൾ ഒരുക്കിയിരുന്ന ചടങ്ങിൽ പങ്കെടുത്തവര്‍ ദേശഭക്തി ഗാനങ്ങൾ ആലപിച്ചും തങ്ങളുടെ ഭരണാധികാരിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചും നവോത്ഥാന ദിനത്തെ അവിസ്മരണീയമാക്കി.

രാജ്യത്തിന്‍റെ ഭാവി വരും തലമുറയ്ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണെന്ന പ്രത്യാശയാണ് ഒമാന്‍ യുവാക്കള്‍ പങ്കുവെച്ചത്. ഒമാൻ മജ്‌ലിസ് ശുറാ ചെയർമാൻ ഖാലിദ് ഹിലാൽ നാസ്സർ , സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ യാഹ്യ മഫുഡ് അൽ മന്തറി , ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഹസ്സൻ മൊഹിസ്ൻ അൽ ശർഖി എന്നിവർ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഇന് എന്നിവര്‍ ആശംസകൾ നേർന്നു.