മസ്‍കത്ത്: ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കറ്റ് അടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്.

ന്യൂന മർദ്ദത്തിന്റെ ഫലമായി ഒമാനിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതുണ്ടെന്നാണ് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിൽ കാറ്റും ഇടയ്ക്കിടെ  ഇടിമിന്നലോടും കൂടി മഴ പെയ്യാനാണ് സാധ്യത. വ്യാഴാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ,  ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്.

മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെടും. ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ  മുതൽ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകളെടുക്കാനും  ജാഗ്രത പുലർത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചിട്ടുണ്ട്.