മസ്‍കത്ത്: സ്വകാര്യ മേഖലയിലെ 87 തസ്‍തികകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം നീട്ടി. ആറ് മാസത്തേക്ക് കൂടി വിലക്ക് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2018 ജനുവരിയില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് കാലാവധി കഴിയുന്നമുറയ്ക്ക് നീട്ടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഐ.ടി, മീഡിയ, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്‍മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‍സസ്, ആര്‍കിടെക്ചര്‍, ഏവിയേഷന്‍ തുടങ്ങിയ മേഖലകളിലെ 87 തസ്‍തികകളിലാണ് വിദേശികള്‍ക്ക് വിലക്ക്. സ്വദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞവര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ജോലി ചെയ്തിരുന്ന മേഖലകളാണിവ. എന്നാല്‍ ഇപ്പോള്‍ ഈ തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കാന്‍ തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിസ വിലക്കിനെ തുടര്‍ന്ന് ഒമാനിലേക്കുള്ള പ്രവാസികളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.