ഒമാനില്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 12:44 AM IST
Oman have a sharp rise in exports of non-oil products
Highlights

2017 ൽ 8.2 ബില്യൺ അമേരിക്കൻ ഡോളറിന്‍റെ എണ്ണ ഇതര കയറ്റുമതി ആണ് ഒമാനിൽ നിന്നും നടന്നത്. 2016 ൽ ഇത് 6.2 ബില്യൻ ഡോളർ ആയിരുന്നു രേഖപെടുത്തിയിരുന്നത്‌

മസ്കറ്റ്: ഒമാനിലെ എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മുപ്പത്തി മൂന്നു ശതമാനം വർദ്ധനവ് വന്നതായി ഒമാൻ കയറ്റുമതി വികസന ഏജൻസി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചു വരുന്ന വ്യവസായ സംരംഭകർക്ക്‌ ഒമാൻ പ്രധാന കേന്ദ്രമായി മാറി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

ഒമാൻ ഗതാഗത വാർത്ത വിനിമയ മന്ത്രി അഹമ്മദ് മൊഹമ്മദ് ഫൂത്തസിയുടെ നേതൃത്വത്തിൽ ആരംഭിച്ച കയറ്റുമതി വാരാഘോഷത്തിൽ എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഡയറക്ടർ ജെനറൽ നസീമ യഹ്യ സിറൂഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ൽ 8.2 ബില്യൺ അമേരിക്കൻ ഡോളറിന്‍റെ എണ്ണ ഇതര കയറ്റുമതി ആണ് ഒമാനിൽ നിന്നും നടന്നത്. 2016 ൽ ഇത് 6.2 ബില്യൻ ഡോളർ ആയിരുന്നു രേഖപെടുത്തിയിരുന്നത്‌.

രാസ വസ്തുക്കൾ, പ്ലാസ്റ്റിക്സ്, അടിസ്ഥാന ലോഹ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ആണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം ഉൽപന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്‍റെ വർധനയുണ്ടായി. രണ്ടായിരത്തി പതിനാറിൽ 2586.4 ദശലക്ഷം ഒമാനി റിയാലിൽ ആയിരുന്നു ആകെ നടന്ന കയറ്റുമതി. ഇത് 2017 ൽ 2,852.4 ദശലക്ഷം റിയാലായിട്ടാണ് വർധിച്ചത്.

എണ്ണ, പ്രകൃതി വാതക കയറ്റുമതിയിൽ നിന്നുള്ള വരുമാനം 28.4 ശതമാനം വർധനവാണ് രേഖപെടുത്തിയിരിക്കുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കാൻ ഒമാൻ സർക്കാർ, ഇന്ത്യ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ ഒമാനി ഉത്പന്നങ്ങളുടെ നിരവധി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്.

loader