മസ്കറ്റ്: അടുത്ത ആറാഴ്ചയ്ക്കുള്ളിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം രാജ്യത്ത് കുറയുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി. എന്നാൽ മെയ് പത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുതൽ രേഖപെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

കൊവിഡ് 19  വൈറസ് വ്യാപനം പ്രതിരോധിക്കുവാൻ ഒമാൻ സുപ്രിം കമ്മറ്റി നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ഫലം  വരുന്ന ആറാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കണ്ട് തുടങ്ങുമെന്നും വൈറസ് ബാധിതരുടെ എണ്ണം കുറയുമെന്നും ഒമാൻ ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുമെന്നും മന്ത്രി വ്യക്തമാക്കി.

ഒമാനിൽ ഇന്ന് 93  പേർക്ക് കൂടി കൊവിഡ് 19 വൈറസ്സ് സ്ഥിരീകരിച്ചു. ഇതിൽ 60 പേർ വിദേശികളും 33പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1998 ലെത്തിയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതിൽ 1449 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുമുള്ളവരാണ്. 333  പേർ സുഖം പ്രാപിച്ചുവെന്നും  മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

അതേസമയം, മവേല പഴം-പച്ചക്കറി മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് നഗര സഭ അറിയിച്ചു. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്കറ്റ് നഗര സഭയുടെ അറിയിപ്പിൽ പറയുന്നു.