ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവറിനെതിരെ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം.
മസ്കത്ത്: ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ (സി.സി.എച്ച്.എഫ്) എന്നറിയപ്പെടുന്ന വൈറൽ പനിക്കെതരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യന്ത്രാലയം. ബലിപെരുന്നാൾ ആഘോഷവേളയിൽ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. മൃഗങ്ങളുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേറ്റോ, രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായും കലകളുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, കശാപ്പ് സമയത്തും ശേഷവും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗമാണിത്.
പെരുന്നാളിൽ കന്നുകാലികളുമായി കൂടുതൽ ഇടപഴകാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ മുന്‍കരുതല്‍ നടപടികൾ എടുക്കണം. ഇത് അണുബാധ സാധ്യത കുറക്കാൻ സഹായിക്കും. പനി, തലവേദന, പേശി വേദന, ഓക്കാനം, വയറിളക്കം എന്നിവയാണ് സി.സി.എച്ച്.എഫിന്റെ സാധാരണയായി കാണപ്പെടാറുള്ള ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ വായിൽ നിന്നോ കണ്ണിൽ നിന്നോ ചെവിയിൽ നിന്നോ രക്തസ്രാവവും ഉണ്ടാകാറുണ്ട്. മൃഗങ്ങളെ സ്പർശിച്ച ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടണം. മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
