ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. 

മസ്കറ്റ്: ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. വാണിജ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും നിര്‍ബന്ധമായും ഒമാനികളായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കി.

നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല. ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനസംഖ്യയുമായി ഡോക്ടര്‍മാരുടെ അനുപാദത്തിലും മാറ്റമുണ്ടായി. മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം 72 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ പത്ത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.