മസ്കറ്റ്: ഒമാനില്‍ കർഫ്യൂ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നു ഒമാൻ സുപ്രിം കമ്മറ്റി. രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ പദ്ധതിയില്ലെന്നും ഒമാൻ ഗതാഗത മന്ത്രി അറിയിച്ചു. ഒമാനിൽ ഇന്ന് 327 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ക്വാറന്റീൻ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ 200 ഒമാനി റിയാൽ പിഴ ഈടാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി.

ഒമാനിലെ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഇരുപതു ഒമാനി റിയാൽ പിഴ ചുമത്തും. അഞ്ചിലധികം പേർ ഒത്തുചേരുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരം കേസിൽ പിടിയിലാകുന്നവരിൽ നിന്നും നൂറു ഒമാനി റിയാൽ വീതം പിഴ ഈടാക്കും. സാമൂഹ്യ സദസ്സുകൾ , ആരാധന ആലയങ്ങളിലെ ഒത്തുചേരലുകൾ എന്നിവക്കെല്ലാം 1500 റിയാൽ പിഴ നൽകേണ്ടി വരും. റോയൽ ഒമാൻ പൊലീസിന് നേരിട്ട് പരിശോധ നടത്തുവാൻ അനുവാദം നൽകിയതായും ഒമാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ അറിയിച്ചു.

ആഭ്യന്തര സർവീസുകളോട് കൂടി രാജ്യത്ത് വ്യോമ ഗതാഗതം ആരംഭിക്കും. എന്നാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുവാൻ ഉടൻ പദ്ധതിയില്ലെന്നും ഒമാൻ ഗതാഗത മന്ത്രി അഹമ്മദ് മൊഹമ്മദ് അൽ ഫുതൈസി പറഞ്ഞു. ഒമാനിൽ ഇന്ന് 327 പേർക്ക് കൂടി കൊവിഡ് 19 വൈറസ്സ് സ്ഥിരീകരിച്ചു. ഇതിൽ 105 സ്വദേശികളും 222 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6370 ലെത്തിയെന്നും 1821 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
രാജ്യത്ത് കൊവിഡ് 19 വൈറസു ബാധ മൂലം മുപ്പതു പേരാണ് ഇതുവരെയും മരണപ്പെട്ടിട്ടുള്ളത്.