മസ്‍കത്ത്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ അതീവ ജാഗ്രത തുടരുന്നു. ജിസിസി രാജ്യങ്ങളിലെ പൗരന്മാരൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാൻ സുപ്രീം കമ്മറ്റി ഉത്തരവ് പുലപ്പെടുവിച്ചു. മാർച്ച് 17 മുതൽ നിരോധനം  പ്രാബല്യത്തിൽ  വരും.

കര, വ്യോമ, നാവിക അതിർത്തികളിലൂടെ സ്വദേശികളുൾപ്പെടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകേണ്ടിവരും. അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല. വിവാഹ പരിപാടികൾ, മറ്റ് വിനോദ ഒത്തുചേരലുകൾ എന്നിവക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഖബറടക്കത്തിന് ആളുകൾ കൂടുന്നതും നിരോധിച്ചിട്ടുണ്ട്.  പാർക്കുകളും അടച്ചിടും.

ഇതുവരെ ഒമാനിൽ 22 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രിം കമ്മറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ പ്രക്രിയകൾ രാജ്യത്ത് ശക്തമാക്കിയിരിക്കുകയാണ്.