ബിന്‍സി നൗഫല്‍ 'ഓമന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക 2021-22' ആയി തിരഞ്ഞെടുക്കപ്പെട്ടു. ലിസ്സി ചാക്കോ രണ്ടാം സ്ഥാനവും സമീര്‍ പി.എ മൂന്നാം സ്ഥാനവും നേടി.

മസ്‌കറ്റ്: 2021-22 ലെ മാതൃകാ കര്‍ഷകര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ഒമാന്‍ കൃഷിക്കൂട്ടം വിജയികള്‍ക്ക് വിതരണം ചെയ്തു. മണ്ണിലും, മണ്‍ചട്ടികളിലുമായി രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ഒമാനിലെ മസ്‌കറ്റ് , ബാത്തിന , ബുറേമി , ദോഫാര്‍ എന്നി ഗവര്ണറേറ്റുകളില്‍ നിന്നുമുള്ള പ്രവാസികളായ കര്‍ഷക പ്രേമികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ബിന്‍സി നൗഫല്‍ 'ഓമന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക 2021-22' ആയി തിരഞ്ഞെടുക്കപ്പെട്ടു.

ലിസ്സി ചാക്കോ രണ്ടാം സ്ഥാനവും സമീര്‍ പി.എ മൂന്നാം സ്ഥാനവും നേടി. ഇവര്‍ മൂവരും മണ്‍ ചട്ടി വിഭാഗത്തിലുള്ള മത്സരത്തിലാണ് പങ്കെടുത്തിരുന്നത്. മണ്ണിലെ കൃഷി വിഭാഗത്തില്‍ ഷൈമ സഫര്‍ പുരസ്‌കാരം നേടി . നിരവധി പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കിയും ആദരിക്കുകയുണ്ടായി. മസ്‌കറ്റിലെ ഖുറം റോസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങിലാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്.

ഒമാന്‍ കൃഷിക്കൂട്ടത്തിന്റ സ്ഥാപക പ്രവര്‍ത്തകരായ സപ്ന അനു ബി ജോര്‍ജ്, ഷൈജു വേതോട്ടില്‍, സന്തോഷ് വര്‍ഗീസ്, ഷഹനാസ് അഷ്റഫ്, സുനി ശ്യാം എന്നിവര്‍ നിലവിളക്ക് തെളിയിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഷഹനാസ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ: റെജീന സ്വാഗതം ആശംസിക്കുകയും, വിദ്യ പ്രിയ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും കൃഷിയെ സ്നേഹിക്കുന്ന ഒമാനിലെ ഒരുകൂട്ടം മലയാളികളാണ് ഒമാന്‍ കൃഷികൂട്ടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഏത് സാഹചര്യത്തിലും പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുകയെന്നത് ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് താമസസ്ഥലത്തു ഒരു ചെറിയ 'അടുക്കളത്തോട്ടം' രൂപപെടുത്താനും ഈ കൂട്ടായ്മ വേണ്ട സഹായങ്ങള്‍ നല്‍കിവരുന്നു.

കൃഷിക്ക് വേണ്ട പരസ്പര സഹായങ്ങള്‍ ചെയ്യുക, വളം കണ്ടെത്തല്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ അംഗങ്ങള്‍ക്ക് വേണ്ടി ഒമാന്‍ കൃഷിക്കൂട്ടം ചെയ്തുവരുന്നു. 2014 ഇല്‍ ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് ഒമാന്റെ മിക്ക ഗവര്ണറേറ്റുകളിലെ പ്രധാന പട്ടണങ്ങളായ സൊഹാര്‍, ഇബ്രി, സഹം, മസ്‌കത്ത്, സലാല എന്നി പ്രദേശങ്ങളില്‍ നിന്നുമുള്ള ധാരാളം പ്രവാസികളുടെ സഹകരണത്തോട് വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.