മത്സര രംഗത്ത് 40  വനിതകള്‍. ഫലപ്രഖ്യാപനം രാത്രിയോടെ.

മസ്കത്ത്: ഒമാനിലെ ഒന്‍പതാമത് മജ്‌ലിസ് ശൂറയിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. വൈകുന്നേരം ഏഴു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ഇന്ന് രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും. രാജ്യത്തത്തെ 61 വിലായത്തുകളിലായി 110 പോളിംഗ് ബൂത്തുകള്‍ സജ്ജമായി കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 86 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 40 വനിതകള്‍ ഉള്‍പ്പെടെ 637 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 

ഈ വര്‍ഷം 7,13,335 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 3,75,801 പേര്‍ പുരുഷന്മാരും 3,37,534 പേര്‍ സ്ത്രീകളുമാണ്. നാല് വര്‍ഷമാണ് തെരഞ്ഞെടുക്കപ്പെടുന്ന മജ്‌ലിസ് ശൂറയുടെ കാലാവധി. 2015ല്‍ നടന്ന മജ്‌ലിസ് ശുറാ തിരഞ്ഞെടുപ്പില്‍ 6,11,906 വോട്ടര്‍മാര്‍ക്കായിരുന്നു വോട്ടവകാശം. 20 വനിതകള്‍ ഉള്‍പ്പെടെ 590 സ്ഥാനാര്‍ത്ഥികളായിരുന്നു 2015ല്‍ മത്സര രംഗത്തുണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും പങ്കെടുക്കുതിനുള്ള സൗകര്യമൊരുക്കികൊണ്ട് ഇന്ന് രാജ്യത്ത് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1991 നവംബര്‍ 12നാണ് രാജ്യത്ത് മജ്‌ലിസ് ശുറാ നിലവില്‍ വന്നത്.