മസ്ക്കറ്റ്: ഒമാനിലെ ജലവിതരണ പദ്ധതി പ്രദേശത്ത് ആറ് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ കന്പനിക്കെതിരെ നിയമ നടപടികളുമായി ഒമാൻ മാനവവിഭവശേഷി മന്ത്രാലയം. മരിച്ച കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കുന്നതിന് സംഭവത്തിന്റെ പൂര്‍ണ വിശദാശംങ്ങള്‍ക്കായി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ വെള്ളം നിറഞ്ഞാണ് ആറ് പേര്‍ മുങ്ങിമരിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഒമാനിലെ തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ബീഹാർ സ്വദേശികൾ ആയ സുനിൽ ഭാരതി, വിശ്വ കർമ്മ മഞ്ജി, ആന്ധ്രാ പ്രദദേശ് സ്വദേശികളായ രാജു സത്യനാരായണ, ഭീമാ രാജു, ഉത്തർപ്രദേശ് സ്വദേശി വികാസ് ചൗഹാൻ, തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ എന്നിവർ ആണ് അപകടത്തിൽ മരണപ്പെട്ടത്.

ഇവർ ഞാറാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. മൃതശരീരങ്ങൾ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.