മസ്‍കത്ത്: ഒമാനിലെ ജലവിതരണ പദ്ധതി പ്രദേശത്ത് ആറ് ഇന്ത്യക്കാര്‍ മരിച്ചസംഭവത്തില്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ വെള്ളം നിറഞ്ഞാണ് ആറ് പേര്‍ മുങ്ങിമരിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഒമാനിലെ തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  അതേസമയം സംഭവത്തിന്റെ പൂര്‍ണ വിശദാശംങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി, ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. 

മസ്കത്ത് അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്ത് ആറ് തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഷണ്‍മുഖ സുന്ദരം(43), ആന്ധ്രാപ്രദേശ് സ്വദേശികളായ ബുദപന രാജ് സത്യനാരായണ(22), ഉസുരുസൂര്‍ത്തി ബീമ രാജു(30), ബിഹാറിലെ പാട്നയില്‍ നിന്നുള്ള സുനില്‍ ഭാര്‍തി(29), വിശ്വകര്‍മ്മ മഞ്ചി(29), ഉത്തര്‍പ്രദേശ് സ്വദേശിയായ വികാഷ് ചൗഹാന്‍ മുഖദേവ് എന്നിവരാണ് സംഭവത്തില്‍ മരിച്ചത്.