മസ്‍കത്ത്: റോഡില്‍ അഭ്യാസപ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കുട്ടികളുടെ കാറില്‍ ഇരിക്കുന്ന ഒരാളെ ഇരുചക്ര വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. മറ്റു ചിലര്‍ ഇവരെ ഇരുചക്ര വാഹനങ്ങളില്‍ അനുഗമിക്കുന്നതും കാണാം.

മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ അറസ്റ്റ് ചെയ്‍തത്. ഗതാഗത തടസമുണ്ടാക്കിയതിനും സ്വന്തമായും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനും പുറമെ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശം ലംഘിച്ച് മാസ്‍ക് ധരിക്കാതെ പൊതുസ്ഥലത്ത് ഒത്തുകൂടിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
"