മസ്കറ്റ്: ആഘോഷ സമൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹവും തിരുവോണ നാളിനെ വരവേറ്റു. പ്രവൃത്തി ദിനമായിട്ടും രാവിലെ മുതൽക്കു തന്നെ കുടുംബമായും, സുഹൃത്തുക്കളുമൊത്ത് ഓണക്കളികൾ സംഘടിപ്പിച്ചും സദ്യ ഒരുക്കിയുമുള്ള ആഘോഷങ്ങൾ ഗംഭീരമായിരുന്നു.

ഉത്രാട സന്ധ്യ മുതൽക്കു തന്നെ തിരുവോണ നാളിനെ വരവേൽക്കുവാനുള്ള ഒരുക്കത്തിലായിരുന്നു മസ്‌കറ്റിലെ പ്രവാസി മലയാളികൾ. അത്തപ്പൂക്കളം ഒരുക്കിയും, മാവേലിയെ വരവേറ്റും, വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയും ആണ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയത്.

കുടുംബ സുഹൃത്തുക്കളും, സഹപ്രവർത്തകരും വിഭവ സമൃദ്ധമായ സദ്യക്ക് ഒരുമിച്ചു കൂടി ആഘോഷം പൊടിപൊടിച്ചു. ഒമാനിൽ ഇന്ന് പ്രവൃത്തി ദിനമായിരുന്നതിനാൽ സദ്യ ഒരുക്കുവാൻ കഴിയാത്തവർക്ക് ഭക്ഷണ ശാലകളിൽ ഒരുക്കിയിരുന്ന സദ്യയായിരുന്നു ആശ്രയം. തിരുവോണം പ്രമാണിച്ചു ഒമാനിലെ ഇരുപത് ഇന്ത്യൻ സ്കൂളുകൾക്കും, സ്കൂൾ ഭരണസമിതി അവധി നൽകിയിരുന്നു.